Kerala
പത്തനംതിട്ട: വ്യാപാര സ്ഥാപനങ്ങളില്‍ വെളളംകയറിയതുമൂലം കോടികളുടെ നഷ്ടമാണ് റാന്നി മേഖലയില്‍ വ്യാപാരികള്‍ക്കുണ്ടായത്. അപ്രതീക്ഷിതമായ വെള്ളപ്പൊക്കം റാന്നി മാമുക്ക് മുതല്‍ ഇട്ടിയപ്പാറ വരെയുള്ള ഭാഗത്തെ ഒട്ടുമിക്ക കടകളെയും നഷ്ടത്തിലാക്കി.
പുളിമുക്ക്, പേട്ട, ചെട്ടിമുക്ക് ഭാഗങ്ങളിലും കടകള്‍ക്ക് നഷ്ടമുണ്ടായി. പലചരക്ക്, സ്റ്റേഷനറി, ബേക്കറി, ഹോട്ടലുകള്‍, പച്ചക്കറി, ഫര്‍ണിച്ചര്‍, സ്വര്‍ണക്കടകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, കോള്‍ഡ് സ്റ്റോറേജുകള്‍, ചെരിപ്പ് കടകള്‍, തുണിക്കടകള്‍ തുടങ്ങി നഷ്ടമുണ്ടായിട്ടുള്ള കടകളേറെയാണ്.
വില്പനയ്ക്കായി കൊണ്ടുവന്ന സാധനങ്ങള്‍ നഷ്ടപ്പെട്ടതു കൂടാതെ കടകളിലെ ഫര്‍ണിച്ചറുകള്‍, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ തുടങ്ങിയവയാണ് നഷ്ടപ്പെട്ടത്. 2018ലും 19ലും നഷ്ടമുണ്ടായ വ്യാപാരസ്ഥാപനങ്ങള്‍ ഇവയിലേറെയും. വീണ്ടും പച്ചപിടിച്ചു വരുമ്പോഴാണ് നഷ്ടം ഉണ്ടായത്.
പമ്പാ തീരത്തെ വീടുകള്‍ക്കും നഷ്ടമുണ്ട്. കിണറുകള്‍, ശൗചാലയങ്ങള്‍ ഇവ നശിച്ചു. ഫര്‍ണിച്ചറുകളും ഇലക്ട്രോണിക്സ് സാധനങ്ങളും നഷ്ടപ്പെട്ടു. വെള്ളത്തോടൊപ്പം എത്തിയ മാലിന്യങ്ങള്‍ വീടുകള്‍ക്കുള്ളില്‍ നിറഞ്ഞിരിക്കുകയാണ്.
ഇതേ സമയം ആറന്മുളയില് സ്ഥിതി രൂക്ഷമായി തുടരുകയാണ്. പമ്പാനദി കരകവിഞ്ഞെത്തിയ വെള്ളം ആറന്മുളയിലെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിച്ചു. വെള്ളം ഇറങ്ങാന്‍ കാലതാമസമുണ്ട്. നദിയില്‍ ജലനിരപ്പ് ഉയര്‍ന്നു നില്‍ക്കുന്നതാണ് പ്രധാന കാരണം. ആറന്മുളയിലെ റോഡുകളില്‍ നിന്നും വെള്ളം ഇറങ്ങിയിട്ടില്ല. പ്രധാനപ്പെട്ട പല റോഡുകളിലും വെള്ളം കയറി കിടക്കുകയാണ്.
ആറന്മുളയില് പമ്പയുടെ തീരത്തെ വീടുകളെല്ലാം വെള്ളത്തിലാണ്. വലിയ വീടുകളുളളവര് മുകള്‍ നിലയിലേക്കും ടെറസിലേക്കുമൊക്കെ താമസം മാറിയപ്പോള്‍ വെള്ളത്തില്‍ മുങ്ങിയ വീടുകളിലുളളവര് ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടുകയാണ്. ആറന്മുള പുഞ്ചയോടു ചേര്‍ന്നുള്ള പ്രദേശങ്ങളൊക്കെ പൂര്‍ണമായി മുങ്ങി ജനജീവിതം താറുമാറായ അവസ്ഥയാണ്, എഴിക്കാട്, നീര്‍വിളാകം പ്രദേശങ്ങള്‍ പൂര്‍ണമായി വെള്ളത്തിനടിയിലാണ്.
അതേസമയം, പ്രളയവുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലേക്ക് മന്ത്രി എ.പി. അനില്‍ കുമാര്‍ ഇന്നു ജില്ലയിലെത്തും. രാവിലെ കോഴഞ്ചേരി പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ അദ്ദേഹം ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് ആറന്മുള, റാന്നി പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.
Kerala
പത്തനംതിട്ട: കക്കാട് പദ്ധതിയുടെ മൂഴിയാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഡാമിലെ ജലനിരപ്പ് പൂര്ണതോതിലെത്തിയതോടെ ഒരു ഷട്ടര്‍ തുറക്കും. ജലനിരപ്പ് പരമാവധി നിലയായ 192.63 മീറ്റര്‍ എത്തിയാല്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി ജലം കക്കാട്ടാറിലേക്ക് ഒഴുക്കി വിടാനാണ് തീരുമാനം. രാവിലെ ഏഴിന് ജലനിരപ്പ് 190.45 മീറ്ററിലെത്തി. ഇതേത്തുടര്‍ന്ന് ഡാമിന്റെ ഒരു ഷട്ടര്‍ 15 സെന്റിമീറ്റര്‍ ഉയര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
ഇതുമൂലം നദിയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കക്കാട്ടാറിന്റെയും പമ്പാ നദിയുടെയും ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്നും നദിയിലിറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണമെന്നും ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ എ. നിസാമുദ്ദീന്‍ അറിയിച്ചു.
ശനിയാഴ്ച മൂഴിയാര്‍ ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നിരുന്നു. ശബരിഗിരി പദ്ധതിയുടെ പ്രധാന സംഭരണികളായ പമ്പയിലും കക്കിയിലും ജലനിരപ്പ് ഇപ്പോഴും 40 ശതമാനത്തിനു താഴെയാണ്. ശബരിഗിരിയിലെ ഉത്പാദനത്തിനുശേഷം വരുന്ന വെള്ളവും വൃഷ്ടി പ്രദേശത്തു നേരിട്ടു ലഭിക്കുന്ന വെള്ളവുമാണ് മൂഴിയാറിലെ സംഭരണിയിലേക്കുള്ളത്. ഞായറാഴ്ച രാത്രി മഴ ശക്തമായതോടെയാണ് മൂഴിയാറിലെ ജലനിരപ്പ് ഉയര്‍ന്നത്. രാത്രിയില്‍ തന്നെ ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു.
Kerala
പത്തനംതിട്ട: റാന്നിയും ആറൻമുളയും വീണ്ടും പ്രളയ ഭീഷണിയിലായതോടെ, പത്തനംതിട്ട ജില്ലയിൽ അതീവ ഗുരുതര സാഹചര്യം.
പമ്പയുടെ കരകളിൽ ഭീതിദമായ സാഹചര്യം തുടരുകയാണ്. മൂഴിയാർ ഡാം ഏതു സമയത്തും തുറക്കുമെന്നാണ് അധികൃതരുടെ അറിയിപ്പ്. മേഖലയിലെ നിരവധി കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി.
കൊല്ലത്തുനിന്ന് കൂടുതൽ മത്സ്യ ബോട്ടുകൾ പത്തനംതിട്ടയിലേക്ക് തിരിച്ചു. അതേസമയം, ശബരിമലയിലേക്ക് ഇന്ന് ഭക്തരെ കടത്തി വിടില്ല.
Kerala
തിരുവനന്തപുരം: അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പ് വിവിധ നദികളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം.
പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ (കല്ലേലി സ്റ്റേഷൻ, പന്തളം സ്റ്റേഷൻ), എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ (കക്കടശേരി സ്റ്റേഷൻ, തൊടുപുഴ സ്റ്റേഷൻ), കോട്ടയം ജില്ലയിലെ മീനച്ചിൽ (പാലാ സ്റ്റേഷൻ) എന്നീ നദികളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, കോട്ടയം ജില്ലയിലെ മീനച്ചിൽ (പേരൂർ സ്റ്റേഷൻ), മണിമല (മണിമല സ്റ്റേഷൻ), തൃശൂർ ജില്ലയിലെ കരവന്നൂർ (കരവന്നൂർ സ്റ്റേഷൻ), കണ്ണൂർ ജില്ലയിലെ വളപട്ടണം (അനങ്ങോട് സ്റ്റേഷൻ), കാസർഗോഡ് ജില്ലയിലെ കരിയങ്കോട് (ഭീമനടി സ്റ്റേഷൻ), മോഗ്രാൽ (മധുർ സ്റ്റേഷൻ) എന്നീ നദികളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
യാതൊരു കാരണവശാലും മേൽപറഞ്ഞ നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം വെള്ളപ്പൊക്ക സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയാറാകണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതി സംബന്ധിച്ച് റവന്യു മന്ത്രിയുമായും ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരുമായും ജില്ലാ ഭരണകൂടവുമായും ആശയവിനിമയം തുടരുകയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
ശനിയാഴ്ചത്തെ അപേക്ഷിച്ച് മഴ കുറഞ്ഞത് ആശ്വാസകരമാണ്. വെള്ളം കയറിയ സ്ഥലങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണം. സര്‍ക്കാരിന്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഏറ്റവും പുതിയ കണക്കനുസരിച്ച് എട്ട് മരണം സ്ഥിരീകരിച്ചു. എട്ടു പേരെ കാണാതായിട്ടുണ്ട്. 13 പേര്‍ക്ക് പരുക്കേറ്റു. 209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5792 പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. 27 വീടുകള്‍ പൂര്‍ണമായും 196 വീടുകള്‍ ഭാഗീകമായും തകര്‍ന്നു. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും വീടും ജീവനോപാദികളും നഷ്ടപ്പെട്ടവര്‍ക്കും സര്‍ക്കാര്‍ സഹായം ഉറപ്പാക്കും.
മലയോര മേഖലകളില്‍ ജാഗ്രത തുടരണം. മഴയുടെ അളവ് കുറഞ്ഞെങ്കിലും ഏതു സാഹചര്യവും നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. ജനപ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുണ്ട്. ഏതാവശ്യത്തിനും സര്‍ക്കാര്‍ സംവിധാനങ്ങളുമായി ബന്ധപ്പെടാമെന്നും വാർത്താക്കുറിപ്പിൽ പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കള്ളക്കടൽ മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കണ്ണൂർ - കാസറഗോഡ് (വളപ്പട്ടണം മുതൽ ന്യൂ മാഹി വരെയും കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയും) ജില്ലകളിലെ തീരങ്ങളിൽ ഇന്നു വൈകുന്നേരം 05.30 വരെ 3.0 മുതൽ 3.5 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണമായി ഒഴിവാക്കേണ്ടതാണ്. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം പുറത്തുവിട്ട മുന്നറിയിപ്പിൽ പറയുന്നു.
Kerala
കൊച്ചി: കള്ളാടി ദുരന്തത്തില്‍ കരാര്‍ കമ്പനിയെ പഴിചാരി സര്‍ക്കാര്‍ റിപ്പോര്‍ട്ട്. മരണനിരക്ക് കുറച്ചത് സര്‍ക്കാറിന്റെ സംയോചിതമായ ഇടപെടലുകള്‍ കൊണ്ട് മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും പ്രഖ്യാപിച്ച ധനസഹായം വേഗത്തില്‍ നല്‍കണമെന്നും ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍ അധ്യക്ഷനായ ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.
ഖനനം ചെയ്ത മണ്ണും അവശിഷ്ടങ്ങളും നീക്കം ചെയ്യണമെന്ന് കമ്പനിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ദുരന്ത നിവാരണ അതോറിറ്റി മേയ് 26നും ജൂണ്‍ നാലിനും നിര്‍ദേശം നല്കി. അവശിഷ്ടങ്ങള്‍ ജനങ്ങള്‍ക്ക് ഭീഷണിയാകരുത് എന്ന് കരാര്‍ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നതാണ്. ആവശ്യമെങ്കില്‍ തൊഴിലാളികളെയും പൊതുജനങ്ങളെയും ഒഴിപ്പിക്കണമെന്നും നിര്‍ദേശിച്ചിരുന്നു.
കരാര്‍ കമ്പനി അത് പാലിച്ചില്ലെന്നും ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദുരന്തത്തില്‍ അന്വേഷണം ആരംഭിച്ചതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മഴ കണക്കിലെടുത്ത് ജൂണ്‍ അഞ്ചിന് തുരങ്കപാത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്പ്പിച്ചിരുന്നു.
സുരക്ഷ ഉറപ്പാക്കാന്‍ കരാറുകാരുടെ യോഗം ആവര്‍ത്തിച്ച് നടത്തിയിരുന്നു. ദുരന്തത്തില്‍ രണ്ടു സ്വതന്ത്ര അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്ത നിവാരണ സെക്രട്ടറിയും പരിസ്ഥിതി സെക്രട്ടറിയും അന്വേഷണം നടത്തും. സാങ്കേതിക നിയമ അനുമതികളും പരിസ്ഥിതി അനുമതികള്‍ നേടിയോ എന്നതിലുമാണ് അന്വേഷണം നടത്തുന്നത്.
തുരങ്ക നിര്‍മാണ പാതയുടെ നിര്‍മ്മാണത്തിന്റെ ഭാഗമായി കുഴിച്ചെടുത്ത് മണ്ണ് നീക്കം ചെയ്യാന്‍ കരാറുകാരന് നിര്‍ദേശം നല്‍കിയെന്നും കൊങ്കണ്‍ റെയില്‍വെ ഡെപ്യൂട്ടി ചീഫ് എൻജിനിയര്‍ക്കാണ് നിര്‍ദേശം നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
നിലവില്‍ കള്ളാടി ദുരന്തമുഖത്ത് പരിശോധന തുടരുകയാണ്. ഇനി ഒരാളെ കൂടിയാണ് കണ്ടെത്താനുള്ളത്. ഇന്നത്തെ പരിശോധനയില്‍ കണ്ടെത്തിയ മൃതദേഹം പശ്ചിമ ബംഗാള്‍ സ്വദേശിയുടെതാണ്.
District News
മുരിങ്ങൂർ: ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമിച്ച അശാസ്ത്രീയമായ കാനകൾമൂലം മുരിങ്ങൂർ കോട്ടമുറി പ്രദേശത്തു വെള്ളക്കെട്ടുദുരിതം തുടരുന്നതായി നാട്ടുകാർ. ഞായറാഴ്ച രാത്രി പെയ്ത ശക്തമായ മഴയിൽ അടിപ്പാതയുടെ കവാടവും സർവീസ് റോഡും വെള്ളത്തിനടിയിലായതോടെ മഴവെള്ളം സമീപത്തെ വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും കയറി. പ്രദേശത്തെ 12 കുടുംബങ്ങളാണ് വെള്ളക്കെട്ടുഭീഷണിയിൽ കഴിയുന്നത്.
ചെമ്പകശേരി പുരുഷോത്തമൻ, ഹരിദാസ് എന്നിവരുടെ വീടുകളിലടക്കം വെള്ളംകയറിയതോടെ കുട്ടികളും വയോധികരും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ രാത്രിമുഴുവൻ ആശങ്കയിലും ഭീതിയിലുമായി. ചെറിയ മഴപെയ്താലും പ്രദേശം വെള്ളക്കെട്ടിലാകുന്ന സാഹചര്യമാണുള്ളതെന്നും ശക്തമായ കാലവർഷം മുന്നിലുള്ളത് ആശങ്ക വർധിപ്പിക്കുകയാണ്.
മുരിങ്ങൂർ മുതൽ കോട്ടമുറി വരെയുള്ള ദേശീയപാതയുടെ ഇരുഭാഗങ്ങളിൽനിന്നുമുള്ള മഴവെള്ളം ഒരിടത്തേക്കു കേന്ദ്രീകരിക്കുന്ന രീതിയിലാണ് കാനകൾ നിർമിച്ചിരിക്കുന്നതെന്നാണ് ആരോപണം. കാനകൾ മണ്ണുനിറഞ്ഞ നിലയിലായതിനാൽ വെള്ളം ഒഴുകിപ്പോകാൻ വഴിയില്ല.
സംഭവമറിഞ്ഞ് മേലൂർ പഞ്ചായത്ത് പ്രതിനിധികൾ സ്ഥലം സന്ദർശിച്ചു. ഇന്നലെ ഉച്ചയോടെ നിർമാണ കമ്പനി തൊഴിലാളികൾ സ്ഥലത്തെത്തി പണിയായുധങ്ങളുമായി ഉടൻ തിരിച്ചെത്താമെന്ന് അറിയിച്ചെങ്കിലും പിന്നീട് എത്തിയില്ലെന്നു പ്രദേശവാസികൾ പറഞ്ഞു.
അടിയന്തരമായി ശാസ്ത്രീയപഠനം നടത്തി സ്ഥിരപരിഹാരം കണ്ടെത്താൻ ദേശീയപാത അഥോറിറ്റിയും ജില്ലാ ഭരണകൂടവും തയാറായില്ലെങ്കിൽ ദേശീയപാത ഉപരോധം ഉൾപ്പെടെയുള്ള ശക്തമായ സമരപരിപാടികളിലേക്കു നീങ്ങേണ്ടിവരുമെന്ന് മേലൂർ പഞ്ചായത്ത് അംഗം എ.ഡി. സജി മുന്നറിയിപ്പ് നൽകി.